ഇലയിട്ട് സദ്യ കഴിക്കുമ്പോൾ ഒരു 'മെഡിക്കൽ അടവ്': ഫുഡ് സീക്വൻസിംഗ്!

ഓണക്കാലമായാൽ മലയാളിയുടെ മുന്നിൽ ഒരു വാഴയില വീണാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. പപ്പടവും പായസവും ചോറും കറികളും എല്ലാം കൂടി ഒരുമിച്ച് കുഴച്ചടിച്ച്, അവസാനം വയറും താങ്ങിപ്പിടിച്ച് കട്ടിലിലേക്ക് വീഴുന്നതാണ് നമ്മുടെ സ്ഥിരം ശീലം. പക്ഷേ, ഇതിന് പിന്നാലെ രക്തത്തിൽ നടക്കുന്ന ഒരു സംഭവമുണ്ട്—ഗ്ലൂക്കോസ് സ്പൈക്ക് (Glucose Spike).

പ്രമേഹമുള്ളവരും തടി കുറയ്ക്കാൻ നോക്കുന്നവരും മാത്രമല്ല, ഉച്ചയുറക്കം കഴിഞ്ഞാൽ വല്ലാത്ത ക്ഷീണം തോന്നുന്നവരും അറിയേണ്ട ലളിതമായ ഒരു ശാസ്ത്രീയ വഴിയുണ്ട്: ഫുഡ് സീക്വൻസിംഗ് (Food Sequencing).

എന്താണ് ഈ ഫുഡ് സീക്വൻസിംഗ്?

ലളിതമായി പറഞ്ഞാൽ, നമ്മൾ കഴിക്കുന്ന ഭക്ഷണം വയറ്റിലേക്ക് എത്തുന്നതിന്റെ ഓർഡർ അല്ലെങ്കിൽ ക്രമം മാറ്റുക. ഒരേ അളവ് ചോറും കറികളും കഴിച്ചാലും, കഴിക്കുന്ന ക്രമം മാറ്റിയാൽ രക്തത്തിലേക്ക് പഞ്ചസാര കലരുന്നതിന്റെ വേഗത ഗണ്യമായി കുറയ്ക്കാൻ കഴിയും.

ഒരു സിനിമാ തിയേറ്ററിലേക്ക് ആളുകൾ കൂട്ടമായി ഇരച്ചുകയറിയാൽ എങ്ങനെയുണ്ടാകും? അതേ അവസ്ഥയാണ് വയറ്റിലേക്ക് കാർബോഹൈഡ്രേറ്റ് മാത്രം ഒറ്റയടിക്ക് എത്തുമ്പോൾ. എന്നാൽ മുന്നിൽ കുറച്ച് സെക്യൂരിറ്റിക്കാരെ നിർത്തി ക്യൂ പാലിച്ചാലോ? സംഗതി ശാന്തമാകും. ഇവിടെ പച്ചക്കറികളിലെ നാരുകളാണ് ആ സെക്യൂരിറ്റി ജീവനക്കാർ!

സദ്യയിലെ ഫുഡ് സീക്വൻസിംഗ്: 3 ഘട്ടങ്ങൾ

വാഴയില മുന്നിൽ വരുമ്പോൾ കൈ നേരെ ചോറിലേക്ക് പോകുന്നതിന് മുൻപ് ഈ മൂന്ന് ഘട്ടങ്ങൾ ഓർക്കുക:

1. ഒന്നാം ഘട്ടം: ഫൈബർ ആദ്യം (The Fiber Barrier)

കഴിക്കേണ്ടത്: അവിയൽ, പച്ചക്കറി തോരൻ, ഓലൻ, പച്ചടി.

നടക്കുന്ന മാറ്റം: പച്ചക്കറികളിലെ ലയിക്കുന്ന നാരുകൾ (Soluble fiber) കുടലിന്റെ ഭിത്തിയിൽ ഒരു നേർത്ത വലയം തീർക്കുന്നു. ഇത് ആമാശയത്തിൽ നിന്ന് ഭക്ഷണം ചെറുകുടലിലേക്ക് പോകുന്നതിന്റെ വേഗത (Gastric emptying) കുറയ്ക്കുന്നു.

2. രണ്ടാം ഘട്ടം: പ്രോട്ടീനും കൊഴുപ്പും (Protein & Healthy Fats)

കഴിക്കേണ്ടത്: പരിപ്പ് കറി, സാമ്പാറിലെ കഷണങ്ങളും പയറും, മോര്.

നടക്കുന്ന മാറ്റം: പ്രോട്ടീനും കൊഴുപ്പും ചേർന്ന് 'GLP-1' പോലുള്ള സംതൃപ്തി നൽകുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കുന്നു. ഇത് വയർ നിറഞ്ഞെന്ന തോന്നൽ വേഗത്തിലാക്കും.

3. മൂന്നാം ഘട്ടം: കാർബോഹൈഡ്രേറ്റും മധുരവും (Carbs & Dessert)

കഴിക്കേണ്ടത്: കുത്തരി ചോറ്, പായസം.

നടക്കുന്ന മാറ്റം: അന്നജം ദഹിപ്പിക്കുന്ന എൻസൈമുകൾക്ക് വേഗത്തിൽ പ്രവർത്തിക്കാൻ കഴിയാത്തതിനാൽ ഗ്ലൂക്കോസ് രക്തത്തിലേക്ക് വളരെ സാവധാനത്തിൽ മാത്രമേ പ്രവേശിക്കൂ. ഫലമായി, പെട്ടെന്നുള്ള ഷുഗർ സ്പൈക്കും തുടർന്നുണ്ടാകുന്ന കടുത്ത ക്ഷീണവും ഒഴിവാകുന്നു.

ഭക്ഷണത്തിന്റെ രുചിയോ അളവോ വലിയ തോതിൽ മാറ്റാതെ തന്നെ മെറ്റബോളിസത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ലളിതമായൊരു ലൈഫ്‌സ്റ്റൈൽ ഹാക്കാണിത്. ഇത്തവണ ഇലയിട്ട് സദ്യ കഴിക്കുമ്പോൾ തോരനും അവിയലും ആദ്യം അകത്താക്കി ഈ 'ഡോക്ടർ ട്രിക്ക്' പരീക്ഷിച്ചു നോക്കൂ!

സ്നേഹത്തോടെ,

ഡോ. ജിതേഷ് കെ. MD MRCP

Senior Consultant Physician

Previous
Previous

ഓണസദ്യയ്ക്ക് ശേഷം ഷുഗർ കൂടാതിരിക്കാൻ 'Soleus Push-up'

Next
Next

പരസ്യം കണ്ട് ഫിഷ് ഓയിൽ ഗുളികകൾ വാങ്ങുന്നവർ ഇത് നിർബന്ധമായും വായിക്കുക!